Friday, May 11, 2007

എല്‍.കെ.ജി. കാലത്തിനു മുമ്പ്‌ ഒരു അന്തരീക്ഷക്ലാസ്‌

അന്തരീക്ഷക്ലാസ്‌ എന്നു കേട്ടിട്ടുണ്ടോ. എല്‍.കെ.ജിയും യു.കെജിയുമായി പഠിച്ചുതിമിര്‍ത്തവരും തിമിര്‍ക്കുന്നവരും അത്തരമൊന്നിനെപ്പറ്റി കേട്ടിട്ടുണ്ടാവില്ല. പക്ഷേ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിച്ചത്‌ അന്തരീക്ഷക്ലാസിലായിരുന്നു.തൊടുപുഴക്കടുത്ത്‌ ചുങ്കം സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിനു സമീപത്തെ വയല്‍വരമ്പുകളില്‍ കടമ്പക്കത്തൂറി ശേഖരിച്ചും നീരൊഴുക്കില്‍ വാലുമാക്രികള്‍ക്കൊപ്പം മരംചുറ്റിപ്രേമിച്ചും നാലാം ക്ലാസ്‌ വരെ കഴിഞ്ഞുകൂടി. പിന്നെ ഹൈറേഞ്ചിലെക്കു കുടിയേറ്റം. (കയ്യേറിയതാണെന്നു സംശയിക്കരുതേ...)അന്ന്‌ കേരളത്തിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌കൂളിലാണ്‌ അച്ഛനെന്നെ ചേര്‍ത്തത്‌. ഇടുക്കി ജില്ലയിലെ മുണ്ടിയെരുമയിലുള്ള കല്ലാര്‍ സ്‌കൂളില്‍. രണ്ടായിരത്തഞ്ഞൂറിലധികം കുട്ടികള്‍ അന്നവിടെ പഠിക്കുന്നുണ്ട്‌. അഞ്ചാം ക്‌ളാസില്‍ ഞാന്‍ പഠിക്കുമ്പോള്‍ പത്തു ഡിവിഷനുണ്ട്‌. എ മുതല്‍ ഇ വരെ ഞങ്ങള്‍ ആണുങ്ങള്‍. എഫ്‌ മുതല്‍ ജെ വരെ പെണ്ണുങ്ങള്‍. എല്ലാം കര്‍ഷകകുടുംബത്തു നിന്നുള്ളവര്‍. അന്ന്‌ ഒറ്റ ഇംഗ്ലീഷ്‌മീഡിയം സ്‌കൂള്‍ പോലും കണികാണാനില്ല. വന്നാലും ക്ലച്ചു പിടിക്കത്തുമില്ല. കാശില്ലാത്ത പാവങ്ങളാണേ ഹൈറേഞ്ചിലുണ്ടായിരുന്നത്‌. ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക്‌ ഉച്ചകഴിഞ്ഞ്‌ ഒരു മണിക്കു ക്ലാസ്‌ തുടങ്ങും. അഞ്ചു മണിക്കു തീരും. രാവിലെ എട്ടര മുതല്‍ പന്ത്രണ്ടര വരെ പെണ്‍കുട്ടികള്‍ക്കാണു ക്ലാസ്‌. ഈ ഷിഫ്‌റ്റിനു പിന്നിലെ കാരണം സ്ഥലസൗകര്യമില്ലായ്‌മതന്നെ. പത്തു ഡിവിഷനുകള്‍ക്കും കൂടി ആകെയുള്ളത്‌ നാലു മുറികള്‍. ഒരു ഡിവിഷനില്‍ മാത്രം നാല്‍പതോളം കുട്ടികളുണ്ടേയ്‌. എല്ലാവരും ഉള്‍ക്കൊള്ളിക്കാനായിരുന്നു ഷിഫ്‌റ്റ്‌ സമ്പ്രദായം. (എട്ടാം ക്ലാസ്‌ മുതല്‍ ഷിഫ്‌റ്റ്‌ ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ പെണ്‍കുട്ടികളെ കണ്ടുകൊണ്ടിരുന്നു പഠിച്ചത്‌ പ്രീഡിഗ്രിക്കാലത്താണ്‌.) ആണ്‍പെണ്‍ വേര്‍തിരിവുകാരണം അന്ന്‌ മനസ്സില്‍ സ്വപ്‌നം കണ്ടു നടന്ന ഒരു പെണ്‍കുട്ടിയോടുപോലും പ്രണയം തുറന്നു പറയാനായതേയില്ല. പത്താം ക്‌ളാസ്‌ വരെ തുടര്‍ന്ന ഈ വര്‍ണവിവേചനം മൂലം പ്രീഡിഗ്രിക്കാലത്തും പെണ്‍പിള്ളേരോടു സംസാരിക്കാറില്ലായിരുന്നു. പേടി. വിദ്യാഭ്യാസരീതികള്‍ കൊണ്ടുണ്ടായ കുഴപ്പമേ... പിന്നെ ഇന്നത്തെ കാര്യം വച്ചു നോക്കിയാല്‍ അതന്നത്രേ ഭേദം.ഞാനങ്ങു കാടു കയറി. പറഞ്ഞു വന്നത്‌ അന്തരീക്ഷക്ലാസിനെപ്പറ്റിയാണല്ലോ. പത്തു ഡിവിഷനുകള്‍ക്കായി നാലു ക്‌ളാസ്‌ റൂം. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വിഭജിച്ചിരുത്തി ഷിഫ്‌റ്റ്‌ കൊണ്ടു വന്നപ്പോള്‍ പ്രശ്‌നം പകുതിയായി. പിന്നെയും രണ്ടു ഷിഫ്‌റ്റിലും ഓരോ ക്ലാസ്‌ അവശേഷിച്ചു. ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഇ ഡിവിഷനും പെണ്‍കുട്ടികള്‍ക്ക്‌ ജെ യും. കഷ്‌ടകാലത്തിന്‌ എനിക്കു പ്രവേശനം കിട്ടിയത്‌ ഇ ഡിവിഷനിലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സാറന്‍മാര്‍ കണ്ടെത്തിയ വിദ്യക്ക്‌ ഞങ്ങളിട്ട പേരാണ്‌ അന്തരീക്ഷ ക്ലാസ്‌. ഒറ്റയാക്കപ്പെട്ട ക്ലാസിലെ നാല്‍പതുപേരെ നാലായങ്ങു വിഭജിച്ചു. പത്തു പേര്‍ വീതമുള്ള ഈ ഗ്രൂപ്പുകളെ ആദ്യ നാലു ഡിവിഷനുകളില്‍ പ്രതിഷ്‌ഠിച്ചു. അപ്പോള്‍ ഒരു ക്‌ളാസില്‍ ആകെ അമ്പതു കുട്ടികള്‍.ഇതിന്റെ പ്രത്യേകതകളാണു രസം. ഈ അന്തരീക്ഷക്‌ളാസിന്‌ ഒരു ക്ലാസ്‌ ടീച്ചര്‍ എന്തായാലുമുണ്ട്‌. അദ്ദേഹം ഹാജര്‍ ബുക്കുമായി എ മുതല്‍ ഡി വരെ സഞ്ചരിക്കും. ഞങ്ങള്‍ പത്തുപേരുടെ സംഘത്തിന്‌ ക്‌ളാസില്‍ പ്രത്യേക ഹാജര്‍. ഒരേ ഡിവിഷനിലാമെങ്കിലും ഞങ്ങള്‍ നാല്‍പതുപേരും പരസ്‌പരം പരിചയപ്പെട്ടിട്ടില്ല. പരീക്ഷക്കാലത്തും സ്ഥിതി ഇതു തന്നെ. എഴുത്ത്‌ അന്തരീക്ഷത്തിലല്ലെങ്കിലും ഉത്തരപ്പേപ്പര്‍ അന്തരീക്ഷത്തിലാണ്‌. ചുമതലയുള്ള ടീച്ചര്‍ നാലു ഡിവിഷനിലുമെത്തി പേപ്പര്‍ നല്‍കും. അതുകൊണ്ട്‌ ഞങ്ങളുടെ ഡിവിഷനില്‍ ഒരൊന്നാമനില്ലായിരുന്നു. ക്ലാസിന്‌ ലീഡറുമില്ലായിരുന്നു. ഏഴാം ക്ലാസ്‌ കഴിഞ്ഞതോടെ പലരും തോറ്റതിനാലും ചിലര്‍ പഠനം നിറുത്തിയതിനാലും മറ്റു ചിലര്‍ സ്‌കൂള്‍ മാറിയതിനാലും അന്തരീക്ഷം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഡിവിഷനുകള്‍ ഭാഗ്യത്തിന്‌ എട്ടായി കുറഞ്ഞു. ഷിഫ്‌റ്റ്‌ മാറി. എന്നിട്ടും പെണ്‍കുട്ടികളെ കാണാന്‍ സ്‌പെഷല്‍ ക്‌ളാസുകള്‍ വരുന്നതും കാത്തിരിക്കണമായിരുന്നു. ഞങ്ങള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറേ ക്‌ളാസാണെങ്കിലും പഠിപ്പിക്കുന്ന സാറുമ്മാര്‍ ചിലപ്പോഴൊക്കെ ഒന്നിച്ചിരുത്തി ക്ലാസെടുക്കാറുണ്ട്‌, സ്‌പെഷലായി.(സ്വകാര്യ സ്‌കൂളുകളോട്‌ മല്ലിട്ട്‌ മുന്നോട്ടുപോകുന്ന ഈ സ്‌കൂള്‍ ഇന്ന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു. ഇവിടുത്തെ അധ്യാപകരിലേറെയും ഇവിടെത്തന്നെ പഠിച്ചവര്‍. അവര്‍ രാഷ്ട്രീയം മാറ്റിവച്ച്‌ പണിയെടുക്കുന്നു. പത്താം തരത്തില്‍ ഏറ്റവുമധികം കുട്ടികളെ പരീക്ഷക്കിരുത്തി ഏറ്റവുമധികം പേരെ വിജയിപ്പിക്കുന്ന സര്‍ക്കാര്‍ സ്‌കൂളെന്ന ബഹുമതിക്ക്‌ ഇടുക്കി ജില്ലയില്‍ അര്‍ഹത നേടിയത്‌ കല്ലാര്‍ ഗവ. ഹൈസ്‌കൂളിനാണ്‌. ശാസ്‌ത്രജ്ഞരും പ്രഫഷനല്‍സും രാഷ്ട്രീയനേതാക്കളുമടക്കം സമൂഹത്തിന്റെ എല്ലാത്തുറയിലുമുള്ളവര്‍ ഇവിടെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്‌. ഇത്തവണ സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ അവരുടെ ഒരുമയും ദൃശ്യമായി.)

4 comments:

സുനീഷ് തോമസ് said...

gud one...

kutty said...

It's great dear,
But fortunately(or unfortunately) i was not an "Anthareekshan".
We need an alumni assn.....right..?

shamal said...

it was nice .. keep it up

ഷിനോ .. said...

പഴയ സ്കൂള്‍ ഓര്‍മ്മകള്‍ വരുന്നു. മുണ്ടിയെരുമ സ്കൂളില്‍ ഞാനും ഒരു വര്ഷം പഠിച്ചിട്ടുണ്ട്.