Friday, August 29, 2008

മണി കിലുക്കിവന്ന പ്രേതം


മണി കിലുക്കിവന്ന പ്രേതം

രാമക്കല്‍മേട്‌. ഇടുക്കി ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തിഗ്രാമം. പുല്‍മേടും പാറക്കൂട്ടങ്ങളും നിറഞ്ഞ കുന്ന്‌. ഹരിതാഭമായ കേരളത്തിന്റെ ഭൂഭാഗത്തിനപ്പുറം കുറ്റിക്കാടുകള്‍ നിറഞ്ഞ മലഞ്ചെരിവ്‌ കുത്തനെ തമിഴ്‌നാട്ടിലേക്കിറങ്ങുന്നു. തമിഴ്‌നാടിന്റെ താഴ്‌വരയില്‍ ഒരു മനോഹരമായ പെയിന്റിംഗ്‌ പോലെ കൃഷിയിടങ്ങള്‍.
വര്‍ഷം മുഴുവന്‍ കാറ്റുവീശുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണിത്‌. സംസ്ഥാന സര്‍ക്കാര്‍ സമീപകാലത്ത്‌ കാറ്റാടിപ്പാടം സ്ഥാപിച്ച്‌ വൈദ്യുതോല്‍പാദനം ആരംഭിച്ച മേഖല. മൂന്നു നാലു വര്‍ഷമായി ടൂറിസം വകുപ്പും ഈ സ്ഥലത്തിന്റെ വികസനത്തിനായി ശ്രമിക്കുന്നു. അതിന്റെ ഭാഗമായി വലിയൊരു കുറവന്‍ കുറത്തി പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌. ഒപ്പം ചില വിശ്രമ സങ്കേതങ്ങളും.
തദ്ദേശീയരുടേയും പുറംനാടുകളില്‍ നിന്നെത്തുന്നവരുടേയും പിക്‌നിക്‌ സ്‌പോട്ടാണ്‌ രാമക്കല്‍മേട്‌. രാത്രി ഇവിടം വിജനമാണ്‌. വൈദ്യുതവിളക്കുകളില്ലാത്തതിനാല്‍ കനത്ത അന്ധകാരം. അല്‍പം മാറിയുള്ള ചുരുക്കം വീടുകളില്‍ വോള്‍ട്ടേജ്‌ ക്ഷാമം. കോടമഞ്ഞിന്റെ ആവരണം ഇവിടുത്തെ രാത്രികളെ പൊതിയും. ഇത്രയും വികസിക്കുന്നതിനു മുമ്പ്‌ അനവധി ദുരൂഹ മരണങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്‌. ആത്മഹത്യയും ചില കൊലപാതകങ്ങളും. മൃതദേഹം തമിഴ്‌നാടിന്റെ മേഖലയിലാണെങ്കില്‍ യാതൊരു പൊലീസ്‌ നടപടിയുമുണ്ടാകാറില്ല.
ഇവിടെ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയുള്ള തൂക്കുപാലത്താണ്‌ എന്റെ വീട്‌. ഒരിക്കല്‍ പുറംജില്ലകളിലുള്ള ചില സുഹൃത്തുക്കള്‍ അവധിദിനത്തില്‍ സൗഹൃദസന്ദര്‍ശനത്തിനായി വീട്ടിലെത്തി. രവി, ജോസ്‌, അജി, ജയന്‍. പകല്‍ അവരേയും കൂട്ടി രാമക്കല്‍മേട്ടില്‍ ഒന്നു കറങ്ങി. പുല്‍മേടുകളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. തമിഴ്‌നാടിന്റെ വനമേഖലയില്‍ നിന്ന്‌ പുല്ലും വിറകും ശേഖരിച്ചു വരുന്ന ഗ്രാമീണര്‍. നല്ല കാറ്റ്‌. അനന്തതയിലേക്കു നീളുന്ന തമിഴ്‌നാട്‌. അവര്‍ക്ക്‌ രാമക്കല്‍മേട്‌ നല്ലൊരനുഭവമായിരുന്നു. ഇടയ്‌ക്ക്‌ ഈ മേഖലയെ ചൂഴ്‌ന്നു നിന്ന ദുരൂഹ മരണങ്ങളെപ്പറ്റിയും തമിഴ്‌നാട്ടിലേക്ക്‌ നികുതിയടയ്‌ക്കാതെ ഏലക്കാ കടത്തുന്നതിനെപ്പറ്റിയും മറ്റും സുഹൃത്തുക്കള്‍ക്ക്‌ വിവരിച്ചുകൊടുത്തു.
രാത്രി അല്‍പം ലഹരി മൂത്തു കഴിഞ്ഞപ്പോള്‍ രവിക്ക്‌ ഒരാഗ്രഹം. രാമക്കല്‍മേട്ടില്‍ പോയി തമിഴ്‌നാടിനെ ദര്‍ശിക്കണം. വൈദ്യുതദീപങ്ങളുടെ വിദൂരസൗന്ദര്യം നല്ലൊരു കാഴ്‌ചയായിരിക്കും. അത്‌ അത്ര പന്തിയല്ലെന്ന്‌ ഞാന്‍ പറഞ്ഞെങ്കിലും അവരാരും സമ്മതിച്ചില്ല.
കാര്‍ പുല്‍മേട്ടിലെ കുറവന്‍കുറത്തി പ്രതിമയ്‌ക്കു സമീപം നിര്‍ത്തി. ഹെഡ്‌ലൈറ്റിന്റെ വെളിച്ചമല്ലാതെ മറ്റ്‌ പ്രകാശമൊന്നുമില്ല. കറുത്തവാവായിരുന്നതിനാല്‍ നിലാവുമില്ല. അകലെ തമിഴ്‌നാട്ടില്‍ വൈദ്യുതദീപങ്ങളുടെ തുരുത്തുകള്‍.
കാറിന്റെ പാര്‍ക്കിങ്‌ വെളിച്ചത്തില്‍ കുപ്പിയിലെ ബാക്കിസാധനം തീര്‍ക്കാനുള്ള ശ്രമമായി. കോടമഞ്ഞിന്റെ തണുപ്പ്‌ ശരീരത്തില്‍ കുത്തിക്കയറുന്നു. വല്ലാത്തൊരു ലഹരിയായിരുന്നു ആ രാത്രിക്ക്‌.
അല്‍പം കഴിഞ്ഞപ്പോള്‍ ജോസ്‌ മൂത്രം ഒഴിക്കുന്നതിനായി പ്രതിമയ്‌ക്കു പിന്നിലേയ്‌ക്കു പോയി. നിമിഷങ്ങള്‍ക്കകം അവന്‍ കിതച്ചുകൊണ്ടു പാഞ്ഞെത്തി.
"അവിടെ ഇരുട്ടില്‍ പാദസരം കിലുങ്ങുന്ന ശബ്‌ദം." അവന്റെ സ്വരത്തിനു വിറയല്‍.
കൂട്ടത്തില്‍ നാസ്‌തികനായ അജി എഴുന്നേറ്റു.
"പിന്നെ, അവിടെ നാഗവല്ലി കുടിയിരിപ്പുണ്ടാകും! വെള്ളമടിച്ചാല്‍ ഇങ്ങിനെയൊക്കെ മതിഭ്രമമുണ്ടാകുമോ. ഞാനൊന്നു നോക്കിയിട്ടു വരാം."
ജോസിനേക്കാള്‍ വേഗതയിലാണ്‌ അജി തിരിച്ചുവന്നത്‌.
"വെട്ടോം വെളിച്ചോം ഒന്നുമില്ല. ഈ പൂജയ്‌ക്കൊക്കെ മണികിലുക്കുന്നതുപോലെ ഒരു ശബ്‌ദം കൂടിയുണ്ട്‌."
ഉള്ളില്‍ ഭയം തിരയടിക്കുമ്പോഴും പിന്‍മാറാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. സമീപത്തെങ്ങും ഒരു മനുഷ്യജീവിപോലുമില്ല. ഇരുട്ടിനു കനംകൂടിയപോലെ.
പരസ്‌പരം കൈകോര്‍ത്ത്‌ ഞങ്ങള്‍ പ്രതിമയ്‌ക്കു പിന്നിലെത്തി.
ശരിയാണ്‌. കുറ്റിക്കാട്ടിലെ ഇരുട്ടില്‍ നിന്ന്‌ മണികിലുക്കം കേള്‍ക്കാം. കൈകളിലൂടെ വിറയല്‍ പകരുന്നതിനനുസരിച്ച്‌ ഞങ്ങള്‍ പിടി മുറുക്കി. മണികിലുക്കും ഇടവിട്ടിടവിട്ട്‌? ലഹരി ആവിയായി!
പെട്ടെന്ന്‌ തൊട്ടടുത്തു നിന്ന്‌ ഒരു ചിരി. അല്‍പം ഉറക്കെ. ഞങ്ങള്‍ ഞെട്ടിത്തിരിഞ്ഞപ്പോള്‍ രവിയാണ്‌.
"എടാ പൊട്ടന്‍മാരെ, പകല്‍ നമ്മള്‍ വന്നപ്പോള്‍ കുറേ പശുക്കള്‍ ഇതുവഴി മേയുന്നില്ലായിരുന്നോ. കഴുത്തില്‍ കയറില്ലാതെ മണിയും തൂക്കിയിട്ട്‌. അവറ്റകള്‍ തലയിളക്കുമ്പോള്‍ കിലുങ്ങുന്ന മണിയൊച്ചയല്ലേ അത്‌?"
രാമക്കല്‍മേട്ടില്‍ വീശുന്ന കാറ്റിനേക്കാള്‍ ശക്തിയിലാണ്‌ ഞങ്ങള്‍ ആശ്വാസത്തോടെ നിശ്വസിച്ചത്‌.






Tuesday, July 17, 2007

സമരമൊട്ടകള്‍



രാമേശ്വരത്തോ വോളാങ്കണ്ണിയിലോ പളനിയിലോ
നിന്നുള്ള കാഴ്‌ചയായിരുന്നെങ്കില്‍ മലയാള പത്രങ്ങളുടെ ഒന്നാംപേജില്‍ എട്ടുകോളത്തില്‍ വരുമായിരുന്ന ഫോട്ടോയാണിത്‌. ഇടുക്കിജില്ലയിലെ പെരിയാര്‍ തീരമേഖലയായ ഉപ്പുതറ, ചപ്പാത്ത്‌ ഗ്രാമങ്ങളിലും പരിസരങ്ങളിലുമുള്ള 200 പേര്‍ തല മൊട്ടയടിച്ചത്‌ ഒരിടത്തേക്കുമുള്ള നേര്‍ച്ചയായിട്ടല്ല. മറിച്ച്‌ ആരുടെയൊക്കെയോ കണ്ണുതുറപ്പിക്കാനുള്ള ഒരു സഹന സമരത്തിന്റെ ഭാഗമായാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട്‌ സമരസമിതിയുടെ നേതൃത്വത്തില്‍ ചപ്പാത്തില്‍ നടത്തിവരുന്ന റിലേ സത്യഗ്രഹസമരത്തിന്റെ 200-ാം ദിവസമായ ജൂലൈ 12നായിരുന്നു ഈ വിചിത്രമായ സമരം. സമരസമിതിയുടെ രക്ഷാധികാരി ഫാ.ജോയി നിരപ്പേലും ചെയര്‍മാന്‍ പ്രൊഫ.സി.പി.റോയിയും അടക്കമുള്ളവര്‍ തല മൊട്ടയടിച്ചു പ്രതിഷേധിക്കാന്‍ കട്ടപ്പന-കുട്ടിക്കാനം റോഡില്‍ നിരന്നിരുന്നപ്പോള്‍ മണിക്കൂറുകളോളം ഇതുവഴി ഗതാഗതം നിലച്ചു. ചപ്പാത്തിലും സമീപമേഖലകളിലുമുള്ള മുഴുവന്‍ ബാര്‍ബര്‍തൊഴിലാളികളും സമരത്തില്‍ പങ്കെടുത്ത്‌ സൗജന്യമായാണ്‌ ഇവരുടെ തല മുണ്‌ഡനം ചെയ്‌തു കൊടുത്തത്‌.ഇത്രയും കൗതുകം നിറഞ്ഞ ഒരു സമരം നടന്നിട്ടും കേരളത്തിലെ പല പത്രങ്ങളിലും ഈ വാര്‍ത്തയും ചിത്രവും പ്രാദേശികപേജിനപ്പുറം കടന്നില്ല. ചിലര്‍ ഇടുക്കി ഉള്‍പ്പെടുന്ന എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ നല്‍കി. ഒരു സമാധാനപരമായ അതിജീവന സമരത്തെ എങ്ങിനെ തമസ്‌കരിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്‌ ഈ സമരത്തോട്‌ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനം. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഇപ്പോള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌. അണക്കെട്ട്‌ വീണ്ടും ഭീഷണിയുടെ വക്കിലെത്തുമ്പോള്‍ ഒരു ദുരന്തത്തിന്റെ ലൈവ്‌ ഒപ്പിയെടുക്കാന്‍ പ്രസ്‌ ഫോട്ടോഗ്രാഫര്‍മാരും ഒ.ബി. വാനുകളും പെരിയാര്‍ തീരത്തേക്ക്‌ ഓടിയെത്തുന്ന ദിവസം അടുത്തുകഴിഞ്ഞു

Monday, May 14, 2007

ബ്ലോഗര്‍ മാഫിയകളെ സൂക്ഷിക്കുക

ബ്ലോഗ്‌ സ്‌പോട്ടില്‍ ഒരു ലോബിയും മാഫിയയും ഒക്കെ ഉണ്ടെന്നു കേട്ടു. ഇതു സത്യമാണെന്നു തോന്നുന്നു. കാരണം ഞാന്‍ ഒന്നു പോസ്‌റ്റിയിട്ട്‌ ഒരേ ഒരു കമന്റാണു കിട്ടിയത്‌. ഇതാരും വായിക്കാഞ്ഞിട്ടാണോ. അതോ ബ്ലോഗ്‌ രാജാക്കന്‍മാര്‍ പോസ്‌റ്റിയാല്‍ മാത്രമേ ചവറു പോലെ പ്രതികരണങ്ങള്‍ വരികയുള്ളോ. മലയാള സാഹിത്യ രംഗത്ത്‌ മോശമല്ലാത്ത ലോബിയിങ്‌ ഉണ്ട്‌. ചില കോക്കസുകളില്‍ പെട്ടാല്‍ മാത്രമേ എഴുത്തുകാരന്‍ വായിക്കപ്പെടുകയുള്ളുവെന്നൊരവസ്‌ഥ. തു തന്നെയാണെന്നോ സര്‍വ്വതന്ത്ര സ്വതന്ത്രമായ ബ്ലോഗ്‌ സ്‌പോട്ടിലേയും അവസ്ഥ.

Friday, May 11, 2007

എല്‍.കെ.ജി. കാലത്തിനു മുമ്പ്‌ ഒരു അന്തരീക്ഷക്ലാസ്‌

അന്തരീക്ഷക്ലാസ്‌ എന്നു കേട്ടിട്ടുണ്ടോ. എല്‍.കെ.ജിയും യു.കെജിയുമായി പഠിച്ചുതിമിര്‍ത്തവരും തിമിര്‍ക്കുന്നവരും അത്തരമൊന്നിനെപ്പറ്റി കേട്ടിട്ടുണ്ടാവില്ല. പക്ഷേ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിച്ചത്‌ അന്തരീക്ഷക്ലാസിലായിരുന്നു.തൊടുപുഴക്കടുത്ത്‌ ചുങ്കം സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിനു സമീപത്തെ വയല്‍വരമ്പുകളില്‍ കടമ്പക്കത്തൂറി ശേഖരിച്ചും നീരൊഴുക്കില്‍ വാലുമാക്രികള്‍ക്കൊപ്പം മരംചുറ്റിപ്രേമിച്ചും നാലാം ക്ലാസ്‌ വരെ കഴിഞ്ഞുകൂടി. പിന്നെ ഹൈറേഞ്ചിലെക്കു കുടിയേറ്റം. (കയ്യേറിയതാണെന്നു സംശയിക്കരുതേ...)അന്ന്‌ കേരളത്തിലെ തന്നെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌കൂളിലാണ്‌ അച്ഛനെന്നെ ചേര്‍ത്തത്‌. ഇടുക്കി ജില്ലയിലെ മുണ്ടിയെരുമയിലുള്ള കല്ലാര്‍ സ്‌കൂളില്‍. രണ്ടായിരത്തഞ്ഞൂറിലധികം കുട്ടികള്‍ അന്നവിടെ പഠിക്കുന്നുണ്ട്‌. അഞ്ചാം ക്‌ളാസില്‍ ഞാന്‍ പഠിക്കുമ്പോള്‍ പത്തു ഡിവിഷനുണ്ട്‌. എ മുതല്‍ ഇ വരെ ഞങ്ങള്‍ ആണുങ്ങള്‍. എഫ്‌ മുതല്‍ ജെ വരെ പെണ്ണുങ്ങള്‍. എല്ലാം കര്‍ഷകകുടുംബത്തു നിന്നുള്ളവര്‍. അന്ന്‌ ഒറ്റ ഇംഗ്ലീഷ്‌മീഡിയം സ്‌കൂള്‍ പോലും കണികാണാനില്ല. വന്നാലും ക്ലച്ചു പിടിക്കത്തുമില്ല. കാശില്ലാത്ത പാവങ്ങളാണേ ഹൈറേഞ്ചിലുണ്ടായിരുന്നത്‌. ഞങ്ങള്‍ ആണ്‍കുട്ടികള്‍ക്ക്‌ ഉച്ചകഴിഞ്ഞ്‌ ഒരു മണിക്കു ക്ലാസ്‌ തുടങ്ങും. അഞ്ചു മണിക്കു തീരും. രാവിലെ എട്ടര മുതല്‍ പന്ത്രണ്ടര വരെ പെണ്‍കുട്ടികള്‍ക്കാണു ക്ലാസ്‌. ഈ ഷിഫ്‌റ്റിനു പിന്നിലെ കാരണം സ്ഥലസൗകര്യമില്ലായ്‌മതന്നെ. പത്തു ഡിവിഷനുകള്‍ക്കും കൂടി ആകെയുള്ളത്‌ നാലു മുറികള്‍. ഒരു ഡിവിഷനില്‍ മാത്രം നാല്‍പതോളം കുട്ടികളുണ്ടേയ്‌. എല്ലാവരും ഉള്‍ക്കൊള്ളിക്കാനായിരുന്നു ഷിഫ്‌റ്റ്‌ സമ്പ്രദായം. (എട്ടാം ക്ലാസ്‌ മുതല്‍ ഷിഫ്‌റ്റ്‌ ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ പെണ്‍കുട്ടികളെ കണ്ടുകൊണ്ടിരുന്നു പഠിച്ചത്‌ പ്രീഡിഗ്രിക്കാലത്താണ്‌.) ആണ്‍പെണ്‍ വേര്‍തിരിവുകാരണം അന്ന്‌ മനസ്സില്‍ സ്വപ്‌നം കണ്ടു നടന്ന ഒരു പെണ്‍കുട്ടിയോടുപോലും പ്രണയം തുറന്നു പറയാനായതേയില്ല. പത്താം ക്‌ളാസ്‌ വരെ തുടര്‍ന്ന ഈ വര്‍ണവിവേചനം മൂലം പ്രീഡിഗ്രിക്കാലത്തും പെണ്‍പിള്ളേരോടു സംസാരിക്കാറില്ലായിരുന്നു. പേടി. വിദ്യാഭ്യാസരീതികള്‍ കൊണ്ടുണ്ടായ കുഴപ്പമേ... പിന്നെ ഇന്നത്തെ കാര്യം വച്ചു നോക്കിയാല്‍ അതന്നത്രേ ഭേദം.ഞാനങ്ങു കാടു കയറി. പറഞ്ഞു വന്നത്‌ അന്തരീക്ഷക്ലാസിനെപ്പറ്റിയാണല്ലോ. പത്തു ഡിവിഷനുകള്‍ക്കായി നാലു ക്‌ളാസ്‌ റൂം. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വിഭജിച്ചിരുത്തി ഷിഫ്‌റ്റ്‌ കൊണ്ടു വന്നപ്പോള്‍ പ്രശ്‌നം പകുതിയായി. പിന്നെയും രണ്ടു ഷിഫ്‌റ്റിലും ഓരോ ക്ലാസ്‌ അവശേഷിച്ചു. ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഇ ഡിവിഷനും പെണ്‍കുട്ടികള്‍ക്ക്‌ ജെ യും. കഷ്‌ടകാലത്തിന്‌ എനിക്കു പ്രവേശനം കിട്ടിയത്‌ ഇ ഡിവിഷനിലായിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ സാറന്‍മാര്‍ കണ്ടെത്തിയ വിദ്യക്ക്‌ ഞങ്ങളിട്ട പേരാണ്‌ അന്തരീക്ഷ ക്ലാസ്‌. ഒറ്റയാക്കപ്പെട്ട ക്ലാസിലെ നാല്‍പതുപേരെ നാലായങ്ങു വിഭജിച്ചു. പത്തു പേര്‍ വീതമുള്ള ഈ ഗ്രൂപ്പുകളെ ആദ്യ നാലു ഡിവിഷനുകളില്‍ പ്രതിഷ്‌ഠിച്ചു. അപ്പോള്‍ ഒരു ക്‌ളാസില്‍ ആകെ അമ്പതു കുട്ടികള്‍.ഇതിന്റെ പ്രത്യേകതകളാണു രസം. ഈ അന്തരീക്ഷക്‌ളാസിന്‌ ഒരു ക്ലാസ്‌ ടീച്ചര്‍ എന്തായാലുമുണ്ട്‌. അദ്ദേഹം ഹാജര്‍ ബുക്കുമായി എ മുതല്‍ ഡി വരെ സഞ്ചരിക്കും. ഞങ്ങള്‍ പത്തുപേരുടെ സംഘത്തിന്‌ ക്‌ളാസില്‍ പ്രത്യേക ഹാജര്‍. ഒരേ ഡിവിഷനിലാമെങ്കിലും ഞങ്ങള്‍ നാല്‍പതുപേരും പരസ്‌പരം പരിചയപ്പെട്ടിട്ടില്ല. പരീക്ഷക്കാലത്തും സ്ഥിതി ഇതു തന്നെ. എഴുത്ത്‌ അന്തരീക്ഷത്തിലല്ലെങ്കിലും ഉത്തരപ്പേപ്പര്‍ അന്തരീക്ഷത്തിലാണ്‌. ചുമതലയുള്ള ടീച്ചര്‍ നാലു ഡിവിഷനിലുമെത്തി പേപ്പര്‍ നല്‍കും. അതുകൊണ്ട്‌ ഞങ്ങളുടെ ഡിവിഷനില്‍ ഒരൊന്നാമനില്ലായിരുന്നു. ക്ലാസിന്‌ ലീഡറുമില്ലായിരുന്നു. ഏഴാം ക്ലാസ്‌ കഴിഞ്ഞതോടെ പലരും തോറ്റതിനാലും ചിലര്‍ പഠനം നിറുത്തിയതിനാലും മറ്റു ചിലര്‍ സ്‌കൂള്‍ മാറിയതിനാലും അന്തരീക്ഷം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നു. ഡിവിഷനുകള്‍ ഭാഗ്യത്തിന്‌ എട്ടായി കുറഞ്ഞു. ഷിഫ്‌റ്റ്‌ മാറി. എന്നിട്ടും പെണ്‍കുട്ടികളെ കാണാന്‍ സ്‌പെഷല്‍ ക്‌ളാസുകള്‍ വരുന്നതും കാത്തിരിക്കണമായിരുന്നു. ഞങ്ങള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറേ ക്‌ളാസാണെങ്കിലും പഠിപ്പിക്കുന്ന സാറുമ്മാര്‍ ചിലപ്പോഴൊക്കെ ഒന്നിച്ചിരുത്തി ക്ലാസെടുക്കാറുണ്ട്‌, സ്‌പെഷലായി.(സ്വകാര്യ സ്‌കൂളുകളോട്‌ മല്ലിട്ട്‌ മുന്നോട്ടുപോകുന്ന ഈ സ്‌കൂള്‍ ഇന്ന്‌ അഭിമാനിക്കാന്‍ വക നല്‍കുന്നു. ഇവിടുത്തെ അധ്യാപകരിലേറെയും ഇവിടെത്തന്നെ പഠിച്ചവര്‍. അവര്‍ രാഷ്ട്രീയം മാറ്റിവച്ച്‌ പണിയെടുക്കുന്നു. പത്താം തരത്തില്‍ ഏറ്റവുമധികം കുട്ടികളെ പരീക്ഷക്കിരുത്തി ഏറ്റവുമധികം പേരെ വിജയിപ്പിക്കുന്ന സര്‍ക്കാര്‍ സ്‌കൂളെന്ന ബഹുമതിക്ക്‌ ഇടുക്കി ജില്ലയില്‍ അര്‍ഹത നേടിയത്‌ കല്ലാര്‍ ഗവ. ഹൈസ്‌കൂളിനാണ്‌. ശാസ്‌ത്രജ്ഞരും പ്രഫഷനല്‍സും രാഷ്ട്രീയനേതാക്കളുമടക്കം സമൂഹത്തിന്റെ എല്ലാത്തുറയിലുമുള്ളവര്‍ ഇവിടെ പൂര്‍വവിദ്യാര്‍ഥികളായുണ്ട്‌. ഇത്തവണ സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷിച്ചപ്പോള്‍ അവരുടെ ഒരുമയും ദൃശ്യമായി.)

Monday, March 26, 2007

ഞാന്‍ വീണ്ടും വന്നു