Friday, August 29, 2008
മണി കിലുക്കിവന്ന പ്രേതം
മണി കിലുക്കിവന്ന പ്രേതം
രാമക്കല്‍മേട്. ഇടുക്കി ജില്ലയിലെ കിഴക്കന്‍ അതിര്‍ത്തിഗ്രാമം. പുല്‍മേടും പാറക്കൂട്ടങ്ങളും നിറഞ്ഞ കുന്ന്. ഹരിതാഭമായ കേരളത്തിന്റെ ഭൂഭാഗത്തിനപ്പുറം കുറ്റിക്കാടുകള്‍ നിറഞ്ഞ മലഞ്ചെരിവ് കുത്തനെ തമിഴ്‌നാട്ടിലേക്കിറങ്ങുന്നു. തമിഴ്‌നാടിന്റെ താഴ്‌വരയില്‍ ഒരു മനോഹരമായ പെയിന്റിംഗ് പോലെ കൃഷിയിടങ്ങള്‍.
വര്‍ഷം മുഴുവന്‍ കാറ്റുവീശുന്ന പ്രകൃതി സുന്ദരമായ സ്ഥലമാണിത്. സംസ്ഥാന സര്‍ക്കാര്‍ സമീപകാലത്ത് കാറ്റാടിപ്പാടം സ്ഥാപിച്ച് വൈദ്യുതോല്‍പാദനം ആരംഭിച്ച മേഖല. മൂന്നു നാലു വര്‍ഷമായി ടൂറിസം വകുപ്പും ഈ സ്ഥലത്തിന്റെ വികസനത്തിനായി ശ്രമിക്കുന്നു. അതിന്റെ ഭാഗമായി വലിയൊരു കുറവന്‍ കുറത്തി പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഒപ്പം ചില വിശ്രമ സങ്കേതങ്ങളും.
തദ്ദേശീയരുടേയും പുറംനാടുകളില്‍ നിന്നെത്തുന്നവരുടേയും പിക്‌നിക് സ്‌പോട്ടാണ് രാമക്കല്‍മേട്. രാത്രി ഇവിടം വിജനമാണ്. വൈദ്യുതവിളക്കുകളില്ലാത്തതിനാല്‍ കനത്ത അന്ധകാരം. അല്‍പം മാറിയുള്ള ചുരുക്കം വീടുകളില്‍ വോള്‍ട്ടേജ് ക്ഷാമം. കോടമഞ്ഞിന്റെ ആവരണം ഇവിടുത്തെ രാത്രികളെ പൊതിയും. ഇത്രയും വികസിക്കുന്നതിനു മുമ്പ് അനവധി ദുരൂഹ മരണങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. ആത്മഹത്യയും ചില കൊലപാതകങ്ങളും. മൃതദേഹം തമിഴ്‌നാടിന്റെ മേഖലയിലാണെങ്കില്‍ യാതൊരു പൊലീസ് നടപടിയുമുണ്ടാകാറില്ല.
ഇവിടെ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള തൂക്കുപാലത്താണ് എന്റെ വീട്. ഒരിക്കല്‍ പുറംജില്ലകളിലുള്ള ചില സുഹൃത്തുക്കള്‍ അവധിദിനത്തില്‍ സൗഹൃദസന്ദര്‍ശനത്തിനായി വീട്ടിലെത്തി. രവി, ജോസ്, അജി, ജയന്‍. പകല്‍ അവരേയും കൂട്ടി രാമക്കല്‍മേട്ടില്‍ ഒന്നു കറങ്ങി. പുല്‍മേടുകളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. തമിഴ്‌നാടിന്റെ വനമേഖലയില്‍ നിന്ന് പുല്ലും വിറകും ശേഖരിച്ചു വരുന്ന ഗ്രാമീണര്‍. നല്ല കാറ്റ്. അനന്തതയിലേക്കു നീളുന്ന തമിഴ്‌നാട്. അവര്‍ക്ക് രാമക്കല്‍മേട് നല്ലൊരനുഭവമായിരുന്നു. ഇടയ്‌ക്ക് ഈ മേഖലയെ ചൂഴ്‌ന്നു നിന്ന ദുരൂഹ മരണങ്ങളെപ്പറ്റിയും തമിഴ്‌നാട്ടിലേക്ക് നികുതിയടയ്‌ക്കാതെ ഏലക്കാ കടത്തുന്നതിനെപ്പറ്റിയും മറ്റും സുഹൃത്തുക്കള്‍ക്ക് വിവരിച്ചുകൊടുത്തു.
രാത്രി അല്‍പം ലഹരി മൂത്തു കഴിഞ്ഞപ്പോള്‍ രവിക്ക് ഒരാഗ്രഹം. രാമക്കല്‍മേട്ടില്‍ പോയി തമിഴ്‌നാടിനെ ദര്‍ശിക്കണം. വൈദ്യുതദീപങ്ങളുടെ വിദൂരസൗന്ദര്യം നല്ലൊരു കാഴ്‌ചയായിരിക്കും. അത് അത്ര പന്തിയല്ലെന്ന് ഞാന്‍ പറഞ്ഞെങ്കിലും അവരാരും സമ്മതിച്ചില്ല.
കാര്‍ പുല്‍മേട്ടിലെ കുറവന്‍കുറത്തി പ്രതിമയ്‌ക്കു സമീപം നിര്‍ത്തി. ഹെഡ്‌ലൈറ്റിന്റെ വെളിച്ചമല്ലാതെ മറ്റ് പ്രകാശമൊന്നുമില്ല. കറുത്തവാവായിരുന്നതിനാല്‍ നിലാവുമില്ല. അകലെ തമിഴ്‌നാട്ടില്‍ വൈദ്യുതദീപങ്ങളുടെ തുരുത്തുകള്‍.
കാറിന്റെ പാര്‍ക്കിങ് വെളിച്ചത്തില്‍ കുപ്പിയിലെ ബാക്കിസാധനം തീര്‍ക്കാനുള്ള ശ്രമമായി. കോടമഞ്ഞിന്റെ തണുപ്പ് ശരീരത്തില്‍ കുത്തിക്കയറുന്നു. വല്ലാത്തൊരു ലഹരിയായിരുന്നു ആ രാത്രിക്ക്.
അല്‍പം കഴിഞ്ഞപ്പോള്‍ ജോസ് മൂത്രം ഒഴിക്കുന്നതിനായി പ്രതിമയ്‌ക്കു പിന്നിലേയ്‌ക്കു പോയി. നിമിഷങ്ങള്‍ക്കകം അവന്‍ കിതച്ചുകൊണ്ടു പാഞ്ഞെത്തി.
"അവിടെ ഇരുട്ടില്‍ പാദസരം കിലുങ്ങുന്ന ശബ്‌ദം." അവന്റെ സ്വരത്തിനു വിറയല്‍.
കൂട്ടത്തില്‍ നാസ്‌തികനായ അജി എഴുന്നേറ്റു.
"പിന്നെ, അവിടെ നാഗവല്ലി കുടിയിരിപ്പുണ്ടാകും! വെള്ളമടിച്ചാല്‍ ഇങ്ങിനെയൊക്കെ മതിഭ്രമമുണ്ടാകുമോ. ഞാനൊന്നു നോക്കിയിട്ടു വരാം."
ജോസിനേക്കാള്‍ വേഗതയിലാണ് അജി തിരിച്ചുവന്നത്.
"വെട്ടോം വെളിച്ചോം ഒന്നുമില്ല. ഈ പൂജയ്‌ക്കൊക്കെ മണികിലുക്കുന്നതുപോലെ ഒരു ശബ്‌ദം കൂടിയുണ്ട്."
ഉള്ളില്‍ ഭയം തിരയടിക്കുമ്പോഴും പിന്‍മാറാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. സമീപത്തെങ്ങും ഒരു മനുഷ്യജീവിപോലുമില്ല. ഇരുട്ടിനു കനംകൂടിയപോലെ.
പരസ്‌പരം കൈകോര്‍ത്ത് ഞങ്ങള്‍ പ്രതിമയ്‌ക്കു പിന്നിലെത്തി.
ശരിയാണ്. കുറ്റിക്കാട്ടിലെ ഇരുട്ടില്‍ നിന്ന് മണികിലുക്കം കേള്‍ക്കാം. കൈകളിലൂടെ വിറയല്‍ പകരുന്നതിനനുസരിച്ച് ഞങ്ങള്‍ പിടി മുറുക്കി. മണികിലുക്കും ഇടവിട്ടിടവിട്ട്? ലഹരി ആവിയായി!
പെട്ടെന്ന് തൊട്ടടുത്തു നിന്ന് ഒരു ചിരി. അല്‍പം ഉറക്കെ. ഞങ്ങള്‍ ഞെട്ടിത്തിരിഞ്ഞപ്പോള്‍ രവിയാണ്.
"എടാ പൊട്ടന്‍മാരെ, പകല്‍ നമ്മള്‍ വന്നപ്പോള്‍ കുറേ പശുക്കള്‍ ഇതുവഴി മേയുന്നില്ലായിരുന്നോ. കഴുത്തില്‍ കയറില്ലാതെ മണിയും തൂക്കിയിട്ട്. അവറ്റകള്‍ തലയിളക്കുമ്പോള്‍ കിലുങ്ങുന്ന മണിയൊച്ചയല്ലേ അത്?"
രാമക്കല്‍മേട്ടില്‍ വീശുന്ന കാറ്റിനേക്കാള്‍ ശക്തിയിലാണ് ഞങ്ങള്‍ ആശ്വാസത്തോടെ നിശ്വസിച്ചത്.
Subscribe to:
Posts (Atom)