Tuesday, July 17, 2007

സമരമൊട്ടകള്‍



രാമേശ്വരത്തോ വോളാങ്കണ്ണിയിലോ പളനിയിലോ
നിന്നുള്ള കാഴ്‌ചയായിരുന്നെങ്കില്‍ മലയാള പത്രങ്ങളുടെ ഒന്നാംപേജില്‍ എട്ടുകോളത്തില്‍ വരുമായിരുന്ന ഫോട്ടോയാണിത്‌. ഇടുക്കിജില്ലയിലെ പെരിയാര്‍ തീരമേഖലയായ ഉപ്പുതറ, ചപ്പാത്ത്‌ ഗ്രാമങ്ങളിലും പരിസരങ്ങളിലുമുള്ള 200 പേര്‍ തല മൊട്ടയടിച്ചത്‌ ഒരിടത്തേക്കുമുള്ള നേര്‍ച്ചയായിട്ടല്ല. മറിച്ച്‌ ആരുടെയൊക്കെയോ കണ്ണുതുറപ്പിക്കാനുള്ള ഒരു സഹന സമരത്തിന്റെ ഭാഗമായാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട്‌ സമരസമിതിയുടെ നേതൃത്വത്തില്‍ ചപ്പാത്തില്‍ നടത്തിവരുന്ന റിലേ സത്യഗ്രഹസമരത്തിന്റെ 200-ാം ദിവസമായ ജൂലൈ 12നായിരുന്നു ഈ വിചിത്രമായ സമരം. സമരസമിതിയുടെ രക്ഷാധികാരി ഫാ.ജോയി നിരപ്പേലും ചെയര്‍മാന്‍ പ്രൊഫ.സി.പി.റോയിയും അടക്കമുള്ളവര്‍ തല മൊട്ടയടിച്ചു പ്രതിഷേധിക്കാന്‍ കട്ടപ്പന-കുട്ടിക്കാനം റോഡില്‍ നിരന്നിരുന്നപ്പോള്‍ മണിക്കൂറുകളോളം ഇതുവഴി ഗതാഗതം നിലച്ചു. ചപ്പാത്തിലും സമീപമേഖലകളിലുമുള്ള മുഴുവന്‍ ബാര്‍ബര്‍തൊഴിലാളികളും സമരത്തില്‍ പങ്കെടുത്ത്‌ സൗജന്യമായാണ്‌ ഇവരുടെ തല മുണ്‌ഡനം ചെയ്‌തു കൊടുത്തത്‌.ഇത്രയും കൗതുകം നിറഞ്ഞ ഒരു സമരം നടന്നിട്ടും കേരളത്തിലെ പല പത്രങ്ങളിലും ഈ വാര്‍ത്തയും ചിത്രവും പ്രാദേശികപേജിനപ്പുറം കടന്നില്ല. ചിലര്‍ ഇടുക്കി ഉള്‍പ്പെടുന്ന എഡിഷനില്‍ മാത്രം ഒന്നാം പേജില്‍ നല്‍കി. ഒരു സമാധാനപരമായ അതിജീവന സമരത്തെ എങ്ങിനെ തമസ്‌കരിക്കാം എന്നതിന്റെ ഉത്തമോദാഹരണമാണ്‌ ഈ സമരത്തോട്‌ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന സമീപനം. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഇപ്പോള്‍ നിറഞ്ഞുകൊണ്ടിരിക്കുകയാണ്‌. അണക്കെട്ട്‌ വീണ്ടും ഭീഷണിയുടെ വക്കിലെത്തുമ്പോള്‍ ഒരു ദുരന്തത്തിന്റെ ലൈവ്‌ ഒപ്പിയെടുക്കാന്‍ പ്രസ്‌ ഫോട്ടോഗ്രാഫര്‍മാരും ഒ.ബി. വാനുകളും പെരിയാര്‍ തീരത്തേക്ക്‌ ഓടിയെത്തുന്ന ദിവസം അടുത്തുകഴിഞ്ഞു

5 comments:

SUNISH THOMAS said...

വക്രബുദ്ധിയുടെ കണ്ണില്‍പ്പെടുന്നത് ഇത്തരം നേര്‍ക്കാഴ്ചകളോ? നിങ്ങളു പേരുമാറ്റണം...!!

സുഖമല്ലേ?
:-)

Haree said...

ശരിയാണ്. മാധ്യമങ്ങള്‍ ഈ രീതിയിലുള്ള സമാധാനസമരങ്ങള്‍ വിട്ടുകളയുന്നതുകൊണ്ടാണെന്നു തോന്നുന്നു, സമരങ്ങള്‍ക്ക് അക്രമസ്വഭാവം കൈവരുന്നത്.
--

Areekkodan | അരീക്കോടന്‍ said...

This is a strange method!!!

ഉറുമ്പ്‌ /ANT said...

നമ്മള്‍ കാശു കൊടുത്തു വാങി വായിക്കുന്നത് വെറും ചവറാണെന്നു മനസ്സിലാക്കിത്തരുന്നു ഇത്തരം ചിത്രങളും വാര്‍ത്തയും............നന്ദി ചങാതീ...........

Mr. K# said...

:-)